ഒറ്റപ്പാലം: തൊഴിലുറപ്പു തൊഴിലാളികൾക്ക് ഒരുവർഷമായി കൂലി കുടിശികയെന്നു പരാതി, തൊഴിലുറപ്പു പദ്ധതി നിലച്ചതോടെ മഴക്കാലപൂർവ ശുചീകരണവും വഴിമുട്ടി.
ഒറ്റപ്പാലം നഗരസഭാധികൃതരുടെ അനാസ്ഥയാണ് കൂലി കുടിശികയ്ക്ക് കാരണമെന്നാണ് തൊഴിലാളികളുടെ പരാതി. മഴക്കാലപൂർവ ശുചീകരണം നടന്നില്ലെങ്കിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമെന്ന കാര്യം ഉറപ്പാണ്.
കാലവർഷം ആരംഭിക്കാനിരിക്കേ മഴക്കാലപൂർവ ശുചീകരണത്തെ കുറിച്ച് നഗരസഭ ആലോചിക്കുക പോലും ചെയ്തിട്ടില്ല. ഇനിയിതു നടക്കാനുള്ള സാധ്യതയും കുറവാണ്.
നഗരസഭയുടെ കടുത്ത അനാസ്ഥ മൂലം തൊഴിലുറപ്പ് പദ്ധതി പൂർണമായും അവതാളത്തിലായിരിക്കുകയാണന്നു വ്യാപകമായി പരാതിയുണ്ട്.
ഒരുവർഷമായി ജോലിചെയ്ത പാവപ്പെട്ട തൊഴിലാളികൾക്കു ഒരുകോടി രൂപയോളമാണ് കൂലി കുടിശിക. കാലവർഷം അടുത്തിട്ടും വാർഡുകളിൽ മഴക്കാലപൂർവ ശുചീകരണം ഒരിടത്തും നടക്കുന്നില്ലന്നും ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാനകളും തോടുകളും മാലിന്യം നിറഞ്ഞ് അടഞ്ഞു കിടക്കുന്നത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ കുട്ടികൾ പോകേണ്ട വഴികളിലെ കാടുവെട്ടാനോ ശുചീകരണം നടത്താനോ നഗരസഭ തയാറാകാത്തതു ഗുരുതരമായ വീഴ്ചയാണന്നും വിമർശനമുണ്ട്.